ന്യൂഡൽഹി: പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിക്കിലെന്ന കേന്ദ്ര മന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ സർക്കാർ വിമാന കമ്പനികൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്ന് ആക്ഷേപമുയർന്നു. വിമാന ടിക്കറ്റ് നിരക്ക് കാലങ്ങളായി വിമാന കമ്പനികളാണ് നിശ്ചയിക്കുന്നത്. പ്രവാസികൾ ഇതിൽ പ്രതിഷേധത്തിലാണ്.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ഒരു സർക്കാരും ഇതുവരെ ഇക്കാര്യത്തിൽ പ്രവാസികൾക്കൊപ്പം നിന്നിട്ടുമില്ലെന്നു പ്രവാസികൾ ആരോപിച്ചു. ഇപ്പോഴും അങ്ങനെ തന്നെ.
നാട്ടിൽ ഓണം, പെരുന്നാൾ, ക്രിസ്മസ്,പോലുള്ള വിവിധ ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം പങ്കുചേരാനും, ഗൾഫിലെ സ്കൂൾ അവധിക്കാലത്തുമാണ് പ്രവാസികൾ നാട്ടിൽ വരാറുള്ളത്.പ്രത്യേകിച്ച് ഗൾഫ് മലയാളികൾ.ഈ സമയത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത്.ഓരോ സീസണിലും 3 മുതൽ 8 വരെ ഇരട്ടി തുകയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. മംഗളൂരു,കണ്ണൂർ, കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എല്ലാം തന്നെ ഇതാണ് സ്ഥിതിയെന്നു പ്രവാസികൾ ചൂണ്ടി ക്കാട്ടുന്നു.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യവും, സർവീസുകൾ വെട്ടിച്ചുരുക്കിയതുമാണ് നിരക്ക് വർദ്ധനവിന് ഇപ്പോഴത്തെ കാരണമെന്നു പറയുന്നു. അതേസമയം ആഘോഷങ്ങളില്ലാത്ത സമയങ്ങളിൽ നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാറുണ്ടെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓണാഘോഷമൊക്കെ കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു പോകുന്ന മലയാളികളുടെ ടിക്കറ്റ് നിരക്ക് കഴിഞ്ഞാഴ്ച വരെ കോഴിക്കോട്,കണ്ണൂർ,കൊച്ചി, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് 40,000 മുതൽ 50,000 രൂപ വരെയായിരുന്നു . അതേസമയം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് നിരക്ക് ഈ സമയങ്ങളിൽ 6000 രൂപ മുതൽ 17,000 രൂപ വരെയായിരുന്നു.








