പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും മോഷണം പോയി. സ്ട്രോങ് റൂമിൽ സൂക്ഷിച്ച കിരീടം ആണ് കവർന്നത്. 2012ൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു ഭക്തൻ സമർപ്പിച്ച 55.75 പവന്റെ കിരീടമാണ് കവർന്നത്. പകരം ഡ്യൂപ്ലിക്കറ്റ് കിരീടം ആണ് കണ്ടത്. ഹൈക്കോടതി നിർദേശ പ്രകാരം ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മോഷണ സംഭവം പുറത്തുവരുന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് വിവരം. സിസിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് കിരീടം സൂക്ഷിച്ചിരുന്നത്. വീഴ്ച പരിശോധിക്കുമെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സന്നിധാനത്തിന് പുറമെ ആറൻമുള ദേവസ്വം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ സ്വർണ്ണമാലയും കാണാതായിട്ടുണ്ട്. കട്ടിളയിലെ സ്വർണ്ണം കാണാതായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കിരീടവും വ്യാജനാക്കി മാറ്റിയ വിവരങ്ങൾ പുറത്തുവരുന്നത്. കണക്കെടുപ്പിന്റെ ആദ്യഘട്ട റിപ്പോർട്ട് അടുത്ത മാസം ആദ്യവാരം അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിക്കും.








