കണ്ണൂർ: കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ അമിത വേഗതയിൽ ഓടിച്ചു കയറ്റിയ ജീപ്പ് കുടുങ്ങിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ജീപ്പ് ഡ്രൈവർക്കെതിരെ റെയിൽവേ കേസെടുത്തു. ഇയാളിൽ നിന്നു പിഴ ഈടാക്കാൻ റയിൽവെ നടപടി ആരംഭിച്ചു. ഇന്നലെ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമിത വേഗതയിൽ ജീപ്പ് ഗേറ്റ് കടക്കാൻ ശ്രമിച്ചത്. റെയിൽവേ ഗേറ്റ് മറികടന്ന ജീപ്പ്, രണ്ട് റെയിൽവേ ട്രാക്കുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗേറ്റ് അടച്ചെങ്കിലും സിഗ്നൽ ലഭിക്കാതി രുന്നതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ട്രാക്കുകൾക്കിടയിൽ കുടുങ്ങിയ ജീപ്പ് പിന്നീട് ക്രെയിൻ കൊണ്ടുവന്നാണ് മാറ്റിയത്. അതിനുശേഷമാണ് അതുവഴി ട്രെയിൻ ഓടിയത്. നിയമലംഘിച്ച് റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിക്കുകയും അപകടമുണ്ടാക്കി ട്രെയിൻ ഗതാഗതം വൈകിപ്പിക്കുകയും ചെയ്തതിനാണ് ജീപ്പ് ഡ്രൈവർക്കെതിരെ റെയിൽവെ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.








