കണ്ണൂര്‍: വിമാനത്തില്‍ കേരളത്തിലെത്തി മോഷണം നടത്തുന്ന സംഘം കണ്ണൂരില്‍ നടത്തിയ മോഷണ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ശനിയാഴ്ച യുപി സംഘം കണ്ണൂര്‍ നഗരത്തില്‍ മോഷണം നടത്തിയത് പട്ടാപ്പകല്‍. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്തെ ബി.എസ്.എന്‍.എല്ലിന്റെ സി.ടി. ബോക്സ് തകര്‍ത്ത് ചെമ്പ് കേബിള്‍ കടത്തുകയായിരുന്നു. കണ്ണൂരില്‍ പിടിയിലായ 5 യുപി സ്വദേശികളെ
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഉച്ചയ്ക്ക്
തൊഴിലാളികള്‍ ഉപയോഗിക്കുന്ന ജാക്കറ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചെത്തിയാണ് കവര്‍ച്ചനടത്തിയത്. നഗരമധ്യത്തില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് കവര്‍ച്ച നടന്നത്. ജീവനക്കാരുടെ വേഷത്തില്‍ എത്തിയ സംഘത്തെ ആരും സംശയിച്ചില്ല. പിന്നീട് പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് തൊണ്ടിമുതലായ ചെമ്പ് കേബിള്‍ ചാക്കിലാക്കി സൂക്ഷിച്ചനിലയില്‍ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലേക്ക് പാഴ്‌സലായി അയക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. സമീറാണ് സംഘത്തിന്റെ തലവന്‍. മറ്റുള്ളവര്‍ ദിവസക്കൂലിക്കാണ് മോഷണം നടത്തുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ എ.സി.പി. എം.പി. ആസാദ്, ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാകും വ്യാഴാഴ്ച പ്രതികളെ ചോദ്യം ചെയ്യുക.








