കൊച്ചി: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ എംഡിഎംഎ കേസില്‍ മൂന്നാം പ്രതിയായ കാവ്യക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ കീര്‍ത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു. പിടികൂടിയ എംഡിഎംഎ വാണിജ്യ അളവില്‍ ഇല്ലാത്തതിനാല്‍ എന്‍ഡിപിഎസ് കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാനപ്പെട്ട വാദം. ജുഡീഷ്യല്‍ കസ്റ്റഡി ഇനിയും വേണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂലൈ 25 നാണ് കേസില്‍ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടത്തിയതില്‍ കാവ്യയും പ്രധാനിയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷയും വരുംദിവസങ്ങളില്‍ കോടതി പരിഗണിക്കും. വയനാട് സ്വദേശിയും കേസിലെ മുഖ്യപ്രതിയുമായ ഷിന്റോയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. കീര്‍ത്തനയും കാവ്യയും നീഷ്മയും ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടില്‍നിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.








