കുമളി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൃഷിയിടത്തില്‍ കാവല്‍ ഇരുന്ന ശേഷം വീട്ടിലേക്ക് തിരിച്ചുപോകവെയാണ് ചക്കക്കൊമ്പന്‍ വിജയനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുമാസത്തിനിടെ നാലാമത്തെയാള്‍ക്കാണ് പൂപ്പാറയില്‍ ഇത്തരത്തില്‍ കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. ചക്കക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തുന്നത് പതിവാണ്. ചക്കക്കൊമ്പന്‍ ആണ് വിജയനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവരത്തെ തുടർന്ന് വനം വകുപ്പു ഉദ്യോഗസ്ഥർ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.








