വളര്‍ച്ച തളര്‍ച്ചയിലേക്കോ?

നാരായണന്‍ പേരിയ

എന്തുപറ്റി ഈ കുട്ടികള്‍ക്ക്? പല്ല് വേദനയോ? എല്ലാവരും കവിളില്‍ കൈ അമര്‍ത്തിപ്പിടിച്ചാണല്ലോ വരുന്നത്? രാവിലെ സ്‌കൂളിലേയ്ക്ക് പോകുമ്പോഴും ഇതേ പടി ആയിരുന്നു, കവിളില്‍ കൈ അമര്‍ത്തി….

ആശങ്ക പ്രകടിപ്പിക്കുന്നത് ഉറക്കെ ആയിപ്പോയാല്‍ കേള്‍ക്കുന്നവരില്‍ ചിലര്‍ പ്രതികരിക്കുന്നത് കടുത്ത ഭാഷയിലായിരിക്കും. പല്ല് വേദനയൊന്നുമല്ല ആ കുട്ടികളെ കവിളില്‍ കൈ അമര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണുകളാണ്. അവര്‍ ആരോടോ സംസാരിക്കുകയാണ്. ആധുനിക ശൈലിയില്‍ സംവദിക്കുക.

ഇത് ഡിജിറ്റല്‍ യുഗമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ എല്ലാവരുടെയും സമയവും ഇഷ്ടാനിഷ്ടങ്ങളും തീരുമാനിക്കുന്നു. ദുഃഖശമനൗഷധമായി ഡിജിറ്റല്‍ ഉപകരണങ്ങളെ ഉപയോഗിക്കുന്നു ചിലര്‍. മനഃക്ലേശം തീര്‍ക്കാനുള്ള ഉപാധി. എന്നാല്‍, നേരെ മറിച്ചാണ് നേരനുഭവം. അങ്ങേയറ്റം ആപല്‍ക്കാരികളാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍. എത്രയോ റിപ്പോര്‍ട്ടുകള്‍ അനുദിനം നാം കാണുന്നു, കേള്‍ക്കുന്നു, വായിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന ഈ ഉപകരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷം കെടുത്തുന്നവയാണ്. അമൃത് എന്ന് കരുതിയത് കോടുംവിഷം. സത്യം തിരിച്ചറിയുമ്പോഴേയ്ക്കും ഉപയോക്താക്കളെ ആമൂലാഗ്രം ഗ്രസിച്ചിട്ടുണ്ടാകും. അത്ര വലിയ ദുര്‍ബാധയാണ് ഇപ്പറഞ്ഞ സാധനം.

ആഗോള സന്തുഷ്ടി ദിനം. അടുത്ത കാലത്തായി അങ്ങനെയും ഒരു ദിനാചരണമുണ്ടത്രേ. സന്തുഷ്ടിയുടെ മാനദണ്ഡം നിശ്ചയിട്ടുണ്ട്. അതിന്റെ ഏറ്റക്കുറവ് കണക്കാക്കി നിര്‍ദ്ദേശം നല്‍കും. എന്ത് ചെയ്യണം, എന്തു ചെയ്തു കൂടാ എന്ന്.

ഇരുപത്തഞ്ച് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയ (സാമൂഹിക മാധ്യമം) ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പതിനഞ്ച് വയസ്സാണ് അതിര്‍ വരമ്പ്. ആ പരിധിയ്ക്കകത്ത് വരുന്നവരുടെ ജീവിതം അങ്ങേയറ്റം അസന്തുഷ്ടി നിറഞ്ഞതായിരിക്കും എന്ന്.

സന്തുഷ്ടി റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടുന്നത് ഫിന്‍ലാന്‍ഡാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ ഫിന്‍ലാന്‍ഡുകാര്‍ക്ക് തീരെ ഇല്ല എന്നല്ല; നന്നെ കുറവാണ്. മനുഷ്യന്‍ മനുഷ്യനോട് നേരിട്ട് ബന്ധപ്പെടുന്നു, പരസ്പരം സംവദിക്കുന്നു. ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കുകളായിരുന്നു മുമ്പ്. ഇപ്പോള്‍ അവ പിന്‍വലിക്കപ്പെട്ടു. പഴയ രീതിയിലേയ്ക്ക് മടങ്ങി- അതായത് സാങ്കേതിക വിദ്യ (ടെക്നോളജി) വളര്‍ന്നിട്ടില്ലാത്ത കാലത്തേയ്ക്ക്. കടലാസ് പാഠപുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സ്വമേധയാ മാറിയതല്ല, സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത് അതാണ്. ഡിജിറ്റല്‍ ഡിട്രോക്സിഫിക്കേഷന്‍ എന്ന് പറയും ഈ രീതിക്ക്. പല രാജ്യങ്ങളും കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം പാസ്സാക്കിയിട്ടുണ്ട്. ആസ്ട്രേലിയ ഒരുദാഹരണം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനും പ്രായ പരിധി കല്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലോ? മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ രാത്രി നിശ്ചിത സമയം ഫോണുകള്‍ ദൂരെ മാറ്റിവയ്ക്കുന്നു. അയല്‍ക്കാരുമായി നേരിട്ട് ഇടപെടുന്നു. ഇന്ന് ഒരിടത്താണെങ്കില്‍, നാളെ മറ്റൊരിടത്ത് സമീപവാസികള്‍ ഒത്തു കൂടുന്നു, നേരത്തേ തീരുമാനിച്ചത് പ്രകാരം. മഹാരാഷ്ട്രക്കാരുടെ ഈ മാതൃക മറ്റ് സംസ്ഥാനക്കാരും സ്വീകരിച്ചാലോ എന്ന് ആലോചിക്കുന്നുണ്ടത്രേ.

പക്ഷേ, ആലോചനയിലൊതുങ്ങുമോ- ഒതുക്കുമോ എന്നാണ് കാണേണ്ടത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുദാഹരണം. അവിടെ ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍, പ്രഖ്യാപിച്ചു., കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും എന്ന്. കേരളത്തിലോ? മന്ത്രിമാര്‍ അറിയിക്കും- പ്രശ്നം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. പൊതു ജനങ്ങളുടെ അഭിപ്രായമാരായും, വിഷയം പഠിക്കാന്‍ വിദഗ്ദ്ധരടങ്ങിയ സമിതിയെ നിയോഗിക്കും; നിയമ പ്രശ്നം നേക്കേണ്ടതുണ്ട്- എന്നൊക്കെ.

സ്മാര്‍ട്ട് ഫോണുപയോഗം വേണ്ടെന്ന് വെയ്ക്കുമ്പോള്‍ പകരം എന്ത് ചെയ്യണം? പാടില്ല എന്ന് വിലക്കിയാല്‍ അത് എങ്ങനെ പരമരഹസ്യമായി ചെയ്യണം എന്ന് ആലോചിക്കും. വിലക്കപ്പെട്ട കനിയുടെ കഥ തന്നെ. ആ മരത്തിന്റെ പഴം ഭക്ഷിക്കരുത് എന്ന് കര്‍ത്താവ് കല്‍പ്പിച്ചത് കൊണ്ടാണത്രേ ഹവ്വയ്ക്ക് അതില്‍ താല്‍പ്പര്യം തോന്നിയതും ആദമിനെ അത് പറിച്ചു കൊടുക്കാന്‍ പ്രേരിപ്പിച്ചതും. എന്നിട്ടോ? സകല ദുരന്തവും വരുത്തി വെച്ചു.

സ്മാര്‍ട്ട് ഫോണ്‍ വേണ്ടാ; പകരം എന്ത്? മറ്റൊരു വിനോദം? ഇടം കാലിലെ മന്ത് വലം കാലിലേയ്ക്ക് മാറട്ടെ എന്നോ?

സാങ്കേതിക വിദ്യ വളരുന്നു; മനുഷ്യന്‍ തളരുന്നു!.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page