കാസര്‍കോട്: പട്രോളിങിനെത്തിയ പൊലീസിനെ കണ്ട് യുവാവ് ബുള്ളറ്റ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരിശോധനയില്‍ വാഹനത്തിന്റെ ടൂള്‍സ് ബോക്‌സില്‍ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. വാഹനം ഓടിച്ച ആളെ കണ്ടെത്താന്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ അണങ്കൂര്‍ ബദിരയിലെ ചൂട്ടുവളപ്പ് റോഡിന് സമീപത്താണ് സംഭവം. സ്ഥലത്ത് പതിവ് പട്രോളിങിനെത്തിയതായിരുന്നു പൊലീസ്. ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ട കറുത്ത ബുള്ളറ്റില്‍ വെളുത്ത ടീഷര്‍ട്ടും കാക്കി പാന്റും ധരിച്ച ഒരു യുവാവ് ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ബുള്ളറ്റിന് സമീപം പൊലീസ് വാഹനം എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കണ്ട് യുവാവ് ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഉപേക്ഷിച്ച ബുള്ളറ്റ് പൊലീസ് പരിശോധിച്ചു. വാഹനത്തിന്റെ ടൂള്‍സ് ബോക്‌സില്‍ നിന്നും സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 0.320 ഗ്രാം എംഡിഎംഎയും പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച 24.50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കെഎല്‍60 എം 3868 നമ്പര്‍ ബുള്ളറ്റില്‍ സഞ്ചരിച്ച ആളെ പൊലീസ് തിരയുകയാണ്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ പിവി മനു, ജൂനിയര്‍ എസ്‌ഐ പ്രജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍കുമാര്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിങിനെത്തിയത്.







