തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു.
കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. സംഗീത അരുള്‍ലാല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പെരിങ്ങുളം ചേലക്കാട്ട് വീട്ടില്‍ ജോസഫ് (80) ആണ് മരിച്ചത്. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല. കനത്ത മഴയെ തുടർന്ന് ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കൊട്ടക്കമ്പൂരിൽ കനത്ത മഴയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.മലപ്പുറത്ത് പൂക്കോട്ടുംപാടം ടികെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ആറുപേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ചെറു വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയവരാണ് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായത്. ഇന്ന് രാവിലെ ഊർജിതമായ തെരച്ചിൽ നടത്തും. അപകടമുണ്ടായ സമയത്ത് തന്നെ നാട്ടുകാർക്ക് കുറെ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചു.









