ഒപ്പിട്ടുവച്ച ചെക്കുകള്‍ കൈവശപ്പെടുത്തി 46 കോടി തട്ടി; നടി അംബികക്കെതിരെ ചെക്ക് കേസ്, പരാതിക്കാരി സഹോദരി

ചെന്നൈ: നടി അംബികയ്ക്കും സഹോദരനുമെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. താന്‍ ഒപ്പിട്ടുസൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതുസംബന്ധിച്ച് രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി ഔദ്യോഗികമായി പരാതി നല്‍കി. അംബിക, സഹോദരന്‍ മല്ലികാര്‍ജുനന്‍, കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്താണ് ഈ തട്ടിപ്പ് നടന്നതെന്ന് രാധയുടെ പരാതിയില്‍ പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകള്‍ താന്‍ അറിയാതെ കൈക്കലാക്കിയാണ് ഇരുവരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ‘എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് സ്ഥാപനത്തിനു വേണ്ടി ഐ.ഡി.ബി.ഐ ബാങ്കിന്റെ കറന്റ് അക്കൗണ്ടാണ് രാധ ഉപയോഗിച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, ഗാര്‍ഡന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കായി ഒപ്പിട്ട ഏതാനും ചെക്കുകള്‍ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ 2025 ജനുവരിയില്‍ ഈ സ്ഥാപനത്തിന്റെ പേര് ‘ആര്‍ആര്‍ ഗാര്‍ഡന്‍സ്’ എന്ന് പുനര്‍നാമകരണം ചെയ്തതോടെ ബാങ്കില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് ലഭിക്കുകയായിരുന്നു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചു. പിന്നീട് തിരക്കുകള്‍ക്കിടയില്‍ പഴയ ചെക്കുകളെക്കുറിച്ച് മറന്നുപോവുകയും ചെയ്തുവെന്ന് രാധ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നുള്ള സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകള്‍ 11 ലക്ഷം മുതല്‍ 27 ലക്ഷം രൂപ വരെയുള്ള തുകകള്‍ക്കായി അംബികയുടെ പേരില്‍ മാറാന്‍ ബാങ്കില്‍ ഹാജരാക്കിയെന്ന വിവരം ബാങ്ക് അധികൃതര്‍ രാധയെ അറിയിക്കുകയായിരുന്നു. താന്‍ ചെന്നൈയില്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് ഈ പഴയ ചെക്കുകള്‍ തട്ടിയെടുത്തതെന്നാണ് രാധയുടെ ആരോപണം. സഹോദരനായ മല്ലികാര്‍ജുനനാണ് ഈ ചെക്കുകള്‍ പൂരിപ്പിച്ചു നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ കൈക്കലാക്കിയ ചെക്കുകള്‍ ഇരുവരും ചേര്‍ന്ന് നിയമവിരുദ്ധമായി പണമാക്കാന്‍ ഉപയോഗിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page