കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം ‘ആരം’ 25 മുതല്‍ തിയേറ്ററിലെത്തും. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണന്‍ ഗാനമൊരുക്കും.
ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സായനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍, അശ്വിന്‍ എന്നിവരാണ് പിന്നണിഗായകര്‍.








