കൊള്ള സംഘം കൂട്ടത്തോടെ സംസ്ഥാനത്തെത്തി; കണ്ണൂരിലും കളമശേരിയിലും നടന്ന റെയ്ഡില്‍ 11 യുപി സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് കൊള്ള സംഘം കൂട്ടത്തോടെ സംസ്ഥാനത്ത് എത്തി. വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ണൂരിലും കളമശേരിയിലും 11 പേര്‍ പിടിയിലായി. ആയുധങ്ങളുമായി കണ്ണൂരില്‍ എത്തിയ സംഘത്തെ ടൗണ്‍ എസ്.ഐ ടി.കെ.അഖിലിന്റെ നേതൃത്വത്തില്‍ പിടികൂടി. ഉത്തര്‍പ്രദേശ് മീററ്റ് കരീം നഗര്‍ സ്വദേശികളായ മുഹമ്മദ് സാജിദ് അന്‍സാരി (34), മുഹ്സിന്‍ (33), സമീര്‍ (22), മീററ്റ് ലക്കിപുരയിലെ മോനിഷ് (26), മീററ്റ് ഷഹാസാഹ ഉന്നതിയിലെ മുഹമ്മദ് സഹില്‍ (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിന് സമീപത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കേബിളുകള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കട്ടറും രണ്ട് കേബിള്‍ കട്ടറുകളും സ്‌ക്രൂഡ്രൈവറും സ്‌കൂട്ടറിന്റെ രണ്ട് താക്കോലും സംഘത്തില്‍ നിന്ന് പിടികൂടി. ഒരാളുടെ കൈവശമുണ്ടായിരുന്ന 90,500 രൂപയും പിടിച്ചെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ സമീറിന് എതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചാക്കേസുണ്ടെന്ന് വ്യക്തമായി. ഉത്തര്‍പ്രദേശില്‍ നിന്ന് ബൈക്കുകള്‍ ട്രെയിനില്‍ വിവിധ പ്രദേശങ്ങളിലെത്തിച്ചാണ് ഇവര്‍ മോഷണത്തിന് എത്തുന്നത്. വിമാനത്തിമിറങ്ങിയ ശേഷം ബൈക്കുകളില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് അഞ്ചുപേരും. തൃശൂര്‍, കളമശേരി, കണ്ണൂര്‍ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത അന്വേഷണത്തില്‍ കൂട്ടാളികളായ ആറുപേര്‍ കളമശേരിയില്‍ പിടിയിലായിരുന്നു. സംഘത്തിലെ പ്രധാനികളില്‍ ഒരാളായ ഉത്തര്‍പ്രദേശ് ബാഗ്പെറ്റ് സ്വദേശി റിഹാനെ (20) തൃശൂര്‍ പൊലീസാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കൂട്ടാളികള്‍ കൊച്ചിയില്‍ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ ലോഡ്ജില്‍ കളമശേരി, തൃശൂര്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് മറ്റുള്ളവര്‍ പിടിയിലായത്. മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫര്‍മാന്‍ അന്‍സാരി (22), സുഹൈല്‍ (22), ഷക്കീബ് (21), റിഹാന്‍ഖാന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് കേബിള്‍ കട്ടറുകള്‍, വിവിധ താക്കോലുകള്‍, മൊബൈല്‍ഫോണുകള്‍, വാച്ചുകള്‍, പണം, തിരിച്ചറിയല്‍ രേഖകള്‍, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സംഘത്തിലെ അഞ്ചുപേര്‍ കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ചത്. ഇക്കാര്യം കളമശേരി പോലീസ് കണ്ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. സമ്പന്നരുടെ വീടുകള്‍, നിര്‍മ്മാണം നടക്കുന്ന വീടുകള്‍, സ്ഥാപനങ്ങളിലെ വന്‍കിട ജനറേറ്ററുകള്‍, ടെലഫോണ്‍ എക്സ്ചേഞ്ച് ബൂത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും കവര്‍ച്ച നടത്താറുള്ളതെന്ന് കളമശേരി സി.ഐ എ.എല്‍.അഭിലാഷ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page