കാസര്‍കോട്: കാസർകോ ട്ട് ഇന്നു രാവിലെ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.30 മണിയോടെ ബോവിക്കാനം ടൗണില്‍ ഉണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ വിദ്യാനഗര്‍, ബാരിക്കാട് സ്വദേശി നികേഷി (26)നെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും ബൈക്ക് യാത്രക്കാരനായ മുള്ളേരിയ സ്വദേശിയെ ചെര്‍ക്കള ,കെകെ പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നികേഷ് സഞ്ചരിച്ചിരുന്ന ജിപ്‌സി ജീപ്പും എതിര്‍ഭാഗത്ത് നിന്നും എത്തിയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജിപ്‌സി ജീപ്പ് റോഡിലേയ്ക്ക് മറിഞ്ഞു. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. മടിക്കേരിയിലെക്ക് പോവുകയായിരുന്നു ജിപ്‌സിയിലെ യാത്രക്കാര്‍. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട വാഹനങ്ങളെ ഫയര്‍ഫോഴ്‌സ് സുരക്ഷിത സ്ഥലത്തേക്ക് നീക്കി. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ടി. അമല്‍രാജ്, കെവി ജിതിന്‍ കൃഷ്ണന്‍, എംഎ വൈശാഖ്, എംഎം അരുണ്‍ കുമാര്‍, ഒ.കെ പ്രജിത്ത് തുടങ്ങിയവര്‍ ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.
നായന്മാര്‍മൂല ദേശീയ പാതയില്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാര്‍ റോഡിന്റെ കൈവരിയിലിടിച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ മുന്‍വശം തകര്‍ന്നു.

കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എസ് ഗോകുല്‍ കൃഷ്ണന്‍, ടി അമല്‍രാജ്, എംഎം അരുണ്‍കുമാര്‍, ഇ പ്രസീദ്, പി.വി രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
പുലര്‍ച്ചെ 1.45 മണിയോടെയാണ് ബദിയഡുക്ക, കന്യപ്പാടിയില്‍ കൂട്ട വാഹനാപകടം ഉണ്ടായത്. ഒരേ ദിശയിലേക്ക് പോവുകയായിരുന്ന രണ്ട് സ്വിഫ്റ്റ് കാറുകള്‍ കന്യപ്പാടി വളവില്‍ വച്ച് എതിര്‍ ദിശയില്‍ നിന്നു എത്തിയ ലോറിയുടെ ഡീസല്‍ടാങ്ക് ഭാഗത്ത് ഇടിച്ചാണ് അപകടം. പരിക്കേറ്റ കാര്‍ യാത്രക്കാരെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട വാഹനങ്ങളെ റോഡില്‍ നിന്ന് നീക്കി. റോഡില്‍ പരന്നു കിടന്ന ഡീസലും ഓയിലും നീക്കം ചെയ്തു. ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെവി ജിതിന്‍ കൃഷ്ണന്‍, അതുല്‍ രവി, സികെ അഭിനന്ദ്, എന്‍പി രാകേഷ്, ഒ.കെ പ്രജിത്ത് എന്നിവരും ഉണ്ടായിരുന്നു.








