കാസർകോട്: കടവരാന്തയിൽ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡയെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. കർണാടകയിലെ ഹിരാഹട്ടിയിലെ ദ്യമപ്പ (59) ആണ് കൊല്ലപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക ശിക്ഷ അനുഭവിക്കണം. 2021 ഏപ്രിൽ 14ന് പുലർച്ചെ
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിക്കുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ
ദ്യമപ്പയെ കൈകൊണ്ടും പട്ടികകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 30 സാക്ഷികളെ വിസ്തരിച്ചിരുന്നു. അന്നത്തെ ബേക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽ ബാബുവാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇൻസ്പെക്ടറായിരുന്ന ടി വി പ്രതീഷ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.







