തിരുവനന്തപുരം: മധ്യവയസ്‌കനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠന്‍ നായരാ(55)ണ് മരിച്ചത്. കൊലപാതകമെന്ന് തെളിഞ്ഞതോടെ കരമന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ ശ്രീകണ്ഠനോടൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പൊലീസ് അറസ്റ്റുചെയ്തു. അവിവാഹിതനായ ശ്രീകണ്ഠന്റെ വീട്ടില്‍ ഒന്നരമാസമായി താമസിക്കുകയായിരുന്നു പ്രതി. പ്രതിയായ രൂപക്ക് വാങ്ങിവയ്ക്കുന്ന മദ്യം യുവാവ് അറിയാതെ ശ്രീകണ്ഠന്‍ എടുത്തുകുടിക്കുന്നു എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ 16ന് രാത്രിയിലാണ് കൊല നടന്നത്. അടുത്ത ദിവസം പ്രതി തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആംബുലന്‍സിനെയും വിളിച്ചുവരുത്തിയതും പ്രതിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഫോര്‍ട്ട് എ.സി.കെ.പ്രദീപിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.








