കോഴിക്കോട്: നഗരത്തിലെ മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയില്‍വെ സ്റ്റേഷന്റെ പിന്‍ഭാഗത്തായി മില്‍മ ബൂത്തിന് സമീപം വലിയങ്ങാടി ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് തലയോട്ടി കണ്ടെത്തിയത്. രണ്ടുവര്‍ഷം പഴക്കമുണ്ടെന്നാണ് സംശയം. റോഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ഈ കൂമ്പാരത്തില്‍ നിന്ന് റോഡിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. തലയോട്ടി ഫൊറന്‍സിക് പരിശോധനക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിക്കും. പല്ല് ഉള്ളതിനാല്‍ ഡിഎന്‍എ സാംപിള്‍ കിട്ടുമെന്നാണ് വിവരം. കൂടാതെ കാര്‍ബണ്‍ ടെസ്റ്റ് നടത്തി കാലപ്പഴക്കം സ്ഥിരീകരിക്കും. അതേസമയം തലയോട്ടിയില്‍ മണ്ണിന്റെ അംശം കുറവാണ് എന്ന് പൊലീസ് അറിയിച്ചു.








