തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യയെ തൃശ്ശൂർ സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ ദീപ്തി കല്യാണിയുടെ പരാതിയിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തെ ഉൾപ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയിൽ വീഡിയോ ചെയ്തതെന്നും ധന്യ വിശദീകരിച്ചിരുന്നു. സൈബർ അധിക്ഷേപത്തിൽ താൻ നൽകിയ ഏഴ് പരാതികളിൽ പൊലീസ് നടപടി ഉണ്ടായില്ല. പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നൽകുന്നതെന്നുമാണ് ഹെലൻ ഓഫ് സ്പാർട്ടയുടെ വിശദീകരണം. കാസർകോട് സ്വദേശിനിയാണ് ധന്യ. മദ്യപിച്ച് കാർ ഓടിച്ചതിന്റെ പേരിൽ ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തു വിട്ടയച്ചതിനുശേഷവും വിശദീകരണവുമായി ധന്യ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.








