കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നു അനധികൃതമായി ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശ് പൗരന്മാരില്‍ നിരവധി പേര്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു വിവിധ ജോലികള്‍ ചെയ്തുവരുന്നതായി സൂചന. ഇതേ തുടര്‍ന്ന് അത്തരക്കാരെ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്പാകള്‍, റിസോര്‍ട്ടുകള്‍, വാടക കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ നടത്തിയ റെയ്ഡില്‍ സ്പാകളില്‍ ജോലി നോക്കിയിരുന്ന അഞ്ചു യുവതികളെ പിടികൂടിയിരുന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ സ്പാകളില്‍ ജോലി ചെയ്തിരുന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് അന്വേഷണം അയല്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുവാന്‍ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വാടക കെട്ടിടങ്ങള്‍, വാടക വീടുകള്‍ എന്നിവിടങ്ങളില്‍ താമസിച്ചുവരുന്ന മുഴുവന്‍ ഇതര സംസ്ഥാനക്കാരെയും നേരില്‍ കണ്ട് പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. സമാന രീതിയിലുള്ള അന്വേഷണം കര്‍ണ്ണാടകയിലെ തുറമുഖ നഗരമായ മംഗ്‌ളൂരുവിലും ആരംഭിച്ചിട്ടുണ്ട്.







