കാസർകോട് : കെഎസ്ആർടിസി ഡിപ്പോയിൽ ശബ്ദ മലിനീകരണം ദുസ്സഹമെന്നു പരാതി.
ബസ് കാത്ത് നിൽക്കാൻ ചെവി പൊത്തിപ്പിടിച്ച് നിൽക്കണമെന്ന സ്ഥിതിയായിരിക്കുകയാണെന്നാണ് പരാതി.
അസഹ്യമായ ശബ്ദകോലാഹലങ്ങൾ കേട്ടു കൈക്കുഞ്ഞുങ്ങളുടെ കരച്ചിലും ഉയരുന്നു. ഇടയ്ക്കിടെയുള്ള ട്രേഡ് യൂണിയനുകളുടെ സമരപരിപാടികൾ യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.ട്രേഡ് യൂണിയനുകളുടെ പൊതുയോഗവും,സമര പ്രഖ്യാപനങ്ങളുമൊക്കെ യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഇരിപ്പിടത്തിന് സമീപത്തു നിന്നാണെന്നതാണ് ദുരിതമാവുന്നതെന്നു ആക്കൂട്ടർ പറയുന്നു.
ഉച്ചത്തിലുള്ള മൈക്ക് സംവിധാനത്തിലാണ് ഡിപ്പോയിൽ യോഗങ്ങളും,സമര പ്രഖ്യാപന കൺവെൻഷനുകളും നടക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശബ്ദമലിനീകരണം 2000 ൽ സുപ്രീംകോടതി കർശനമായി വിലക്കിയിരുന്നു. അതിന് പിന്നാലെ ഹൈക്കോടതിയും കെഎസ്ആർടിസി ഡിപ്പോകളിലും, പരിസരങ്ങളിലും ട്രേഡ് യൂണിയനുകളുടെ പൊതുയോഗങ്ങൾ,പ്രകടനങ്ങൾ,ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം എന്നിവ കർശനമായി വിലക്കിക്കൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കെഎസ്ആർടിസി മാനേജ്മെന്റ് 2021 ജനുവരിയിൽ കെഎസ്ആർടിസി ഡിപ്പോകളിൽ ട്രേഡ് യൂണിയനുകളുടെ സമരങ്ങളും, പൊതുയോഗങ്ങളും വിലക്കി സർക്കുലർ പുറപ്പെടുവിച്ചു. എന്നിട്ടും നടപടികൾ കടലാസിൽ തന്നെ.കോടതി അലക്ഷ്യമാണ് ചെയ്യുന്നതെന്ന്ബോധം പോലും തൊഴിലാളികൾക്കോ,യൂണിയൻ നേതാക്കൾക്കോ ഇല്ല. അധികൃതർ അതെന്നും ശ്രദ്ധിക്കുന്നുമില്ല.
ശബ്ദമലിനീകരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാവുന്നുണ്ട്. കേൾവി ശക്തി, മാനസിക സമ്മർദ്ദം, ഹൃദ്യോഗ സാധ്യത ഇവയൊക്കെ ശബ്ദ മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്.
സർക്കാർ സ്ഥാപനങ്ങളിലെ കോമ്പൗണ്ടിനുള്ളിൽ പോലും യോഗങ്ങൾ നടത്തിയാൽ ജീവനക്കാർക്കെതിരെയും,അതിന് നേതൃത്വം നൽകുന്ന യൂണിയൻ നേതാക്കൾക്കെതിരെയും പോലീസിൽ പരാതി നൽകാൻ ഡിപ്പോ അധികാരികൾക്ക് നിർദ്ദേശവുമുണ്ട്. അധികൃതർ അത് ചെവി കൊള്ളുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.







