തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതായി മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.








