ബംഗളൂരു: ബംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡിതിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരണപ്പെട്ട അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.








