‘മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്.. അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’?, ആന്റോ അഗസ്റ്റിനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ‘വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്…അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ – ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. വീട്ടില്‍ അളവിലധികം മദ്യം സൂക്ഷിച്ചതിനാണ് റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റുചെയ്തത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വയനാട്ടിലെ വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന് ഇന്ത്യയില്‍ വില്‍പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. വാഴവറ്റയിലുളള കുടുംബവീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ എക്‌സൈസ് സംഘം പരിശോധിച്ചിരുന്നു. ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ മീനങ്ങാടി അസി.എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ ആന്റോ അഗസ്റ്റിനെ എത്തിച്ചു. വിശദമായ മൊഴിയെടുത്തശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കും. അതേസമയം താന്‍ മദ്യം കഴിക്കാറില്ലെന്നും വീട്ടില്‍ മദ്യം എങ്ങനെ എത്തിയെന്ന് തനിക്കറിയില്ലെന്നും ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page