മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്, റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും പരിശോധന

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റിപ്പോർട്ട് ടിവിയുടെ ഓഫീസിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളിൽ റൈഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. കേസിൻ്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും പ്രത്യേക അന്വേഷണസംഘം മിന്നൽ പരിശോധന നടത്തുകയാണ്.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന ഓഫിസിൽ പരിശോധനയ്ക്കായി എത്തിയത്. ഒരേസമയം ചാനൽ ഉടമകളുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലും പൊലീസ് തിരച്ചിൽ ആരംഭിച്ചു. പുലർച്ചെയോടെ ആരംഭിച്ച പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. ഓഫിസിലെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന രേഖകളും കമ്പ്യൂട്ടറുകളും സെർവറുകളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page