ലോസ് ഏഞ്ചല്‍സ്: ചാറ്റ്‌സ്വര്‍ത്തില്‍ മെട്രോ ബസ് അപകടത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റ് ജോര്‍ജ് മാര്‍സിനിവ്, ഫോട്ടോ ജേര്‍ണലിസ്റ്റ് എലിയാന മോറീനോ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരു കാല്‍നടക്കാരനും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എന്‍ബിസി 4, ടെലിമുണ്ടോ 52 എന്നീ മാധ്യമങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാനെത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. അതേസമയം അപകടകാരണം എന്താണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷിച്ചുവരികയാണ്.
ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള അസ്വസ്ഥതയേറിയ നിമിഷങ്ങള്‍ വ്യക്തമാക്കുന്ന അകത്തെ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു. മെട്രോ ബസുമായി ബന്ധപ്പെട്ട മറ്റൊരു അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഹെലികോപ്റ്റര്‍. സാന്‍ ഫെര്‍ണാഡോ വാലിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഹെലികോപ്റ്റര്‍, എന്‍ മേസണ്‍ അവന്യൂവിന് സമീപമുള്ള ഒരു പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഹെലികോപ്റ്റര്‍ നിയന്ത്രണം വിടുന്നതും തുടര്‍ന്ന് റെക്കോര്‍ഡിംഗ് നിലയ്ക്കുന്നതുമാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വാണിജ്യ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്. അപകടത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തവുമുണ്ടായി.
നാല് വാഹനങ്ങളിലേക്കും രണ്ട് സംഭരണ കണ്ടെയ്നറുകളിലേക്കും തീ പടര്‍ന്നു.








