കുമ്പള കുമ്പള ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ കേരള വാട്ടർ അതോറിറ്റി ജലസംഭരണി കോൺക്രീറ്റ് പാളികൾ അടർന്നു വീണും,ഇരുമ്പ് കമ്പികൾ ദ്രവിച്ചും അപകടാവസ്ഥയിലായിരിക്കുന്നു.വർഷങ്ങളുടെ പഴക്കമുള്ള ജലസംഭരണിക്കു താഴെയാണ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയംപ്രവർത്തിക്കുന്നത്.
ഇത് ജീവനക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു.
തീരദേശത്തോട് അടുത്ത സ്ഥല മായതിനാൽ ഉപ്പു കാറ്റും,ഈർപ്പവും തട്ടി കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ വേഗത്തിൽ തുരുമ്പെടുത്ത് വീർക്കുന്നു.ഇത് കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്നതിനും, ജലസംഭരണിയുടെ സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിനാളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ ടാങ്കിന് സുരക്ഷാ ഭീഷണി നേരിടുന്നതിനാൽ ഇപ്പോൾ ഭാരം താങ്ങാനുള്ള ശേഷിയില്ല.
കുമ്പള വാട്ടർ അതോറിറ്റിയുടെ പഴക്കം ചെന്ന സംവിധാനങ്ങൾ മാറ്റാൻ വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. ഇവിടെനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ പൊട്ടുന്നതും,ടാങ്കിന്റെയും പൈപ്പുകളുടെയും ജീർണവസ്ഥയും മൂലം കുടിവെള്ളം തടസ്സപ്പെടുന്നതും പതിവാണ് .ഇവ പുനസ്ഥാപിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. ദേശീയപാത നിർമ്മാണ സമയത്ത് മാസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് എത്തിക്കുന്നതു ഷിറിയ പുഴയിലെ ജലസ്രോതസ്സിനെയും ,പമ്പിങ് സ്റ്റേഷനെ യും ആശ്രയിച്ചാണ്.ഷിറിയ പുഴയിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന തടയണ നിർമ്മാണം പൂർണമായാൽ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള പദ്ധതിജനോപകാര പ്രദമാവുമെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു.ഇതിനായി കുമ്പള,മംഗൽപാടി പഞ്ചായത്തുകളുടെ ബ്രഹത്തായ സംയുക്ത കുടിവെള്ള പദ്ധതികളുടെ നിർമ്മാണം നടന്നുവരുന്നതായും പറയുന്നുണ്ട്. കേന്ദ്രസർക്കാറിന്റെ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമാണിത്. ഇതിനായി ഉയർന്ന ശേഷിയുള്ള പുതിയ ജലസംഭരണികൾ സ്ഥാപിക്കും.കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളുടെ ജോലികൾ നടന്നുവരുന്നുണ്ടെന്നും പറയുന്നു.എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല.
പഞ്ചായത്ത് പരിധിയിലെ പൂക്കട്ട, കിദൂർ,കളത്തൂർ എന്നീ പ്രദേശങ്ങളിൽ ഉയർന്ന ശേഷിയുള്ള പുതിയ ഓവർ ഹെഡ് സംഭരണ ടാങ്കുകൾ സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കളത്തൂരിൽ മാത്രം 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത് . ഇതിനിടയിലാണ് കുമ്പളയിലെ ജലസംഭരണി വലിയ അപകട ഭീഷണി ഉയർത്തുന്നത്.ഇതിന്റെ സംരക്ഷണത്തിന് പദ്ധതികൾ ഒന്നുമില്ല. നിലവിലെ പുതിയ കുടിവെള്ള പദ്ധതിയിൽ കുമ്പളയെ കൂടി ഉൾപ്പെടുത്തി വിശാലമായ കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.








