ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ പാക്കിസ്ഥാന്റെ കപ്പല്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതേ തുടര്‍ന്ന് പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. ഒമാന് ഏകദേശം 220 കിലോമീറ്റര്‍ വടക്ക്, അമിതവേഗത്തിലെത്തിയ പാക്ക് കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോവുകയായിരുന്നു. എന്നാല്‍ കപ്പലുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്ഥാന്‍ കപ്പലും കൂട്ടിയിടിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ ആയിരുന്നു അപകടം. ഇന്ത്യന്‍ നാവികസേന, പാകിസ്ഥാന്‍ നാവികസേന കപ്പലുകളാണ് കൂട്ടിയിടിച്ചത്. പാക് കപ്പല്‍ ഇന്ത്യന്‍ കപ്പലിന് നേരെ വേഗത്തില്‍ എത്തുകയായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാവിക പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്ന അപകടമാണിതെന്ന് ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ സാദ് അഹമ്മദിനെ വിളിച്ചുവരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിഷേധം അറിയിച്ചു.








