തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ
പിഎച്ച്.ഡി ബിരുദത്തിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപക തെറ്റുകൾ ഉണ്ടെന്ന പരാതിയിൽ പരിശോധന നടത്താൻ നാലംഗ ഉപസമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റംഗം
ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം വൈലോപ്പള്ളി എന്നായിരുന്നു എഴുതിയത്. അതിനിടെ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. പ്രബന്ധം വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല. 2021ൽ ചിന്തക്ക് കേരളസർവകലാശാല പി.എച്ച്.ഡി ബിരുദവും നൽകി.
ചിന്തയുടെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ എൽ.ഡി.എഫ്. അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു. അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍വകലാശാലയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആര്‍.എസ്.ശശികുമാറാണ് വിഷയം ഉന്നയിച്ചത്.








