മലപ്പുറം: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. സ്കൂളിൽ പോവാൻ നേരം വീട്ടുകാർ കാര്യമായി കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിച്ചു. ഇതിനിടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. ആദ്യം തമാശ ആയാണ് വീട്ടുകാർക്ക് തോന്നിയത്. പിടയുന്നത് കണ്ട് ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്‌റഫിന്റെ മകനാണ് അഫ്നാസ്.








