തിരുവനന്തപുരം: നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 10 വര്‍ഷത്തെ പ്രണയസാഫല്യമാണ് നടന്നിരിക്കരുതെന്നു അഹാന ചിത്രങ്ങള്‍ക്കു താഴെ പങ്കുവച്ചു. “എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ… ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം,” എന്നാണ് താരം കുറിച്ചത്. നടൻ റിഷഭ് ഷെട്ടിയും കുടുംബവും പ്രധാന അതിഥികളായി. നടൻ ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ
നടി മഞ്ജു വാര്യർ അടക്കമുള്ളവർ കമന്റുമായെത്തി. 20-ഓളം സ്ലൈഡുകളായാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. പിതാവ് ജി. കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണ എന്നിവരും ചിത്രങ്ങളിലുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്സ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. നടിയുടെ ആദ്യ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. അഹാന നായികയായ ടൊവിനോ തോമസ് ചിത്രം ‘ലൂക്ക’യുടെ ഛായാഗ്രഹണം നിമിഷ് ആയിരുന്നു.








