ബത്തേരി: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില മോഷ്ടിച്ചത് പൊലീസുകാരന്‍.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെയാണ് കേസ്. ഉദ്യോഗസ്ഥന്‍ നിലവില്‍ ഒളിവിലാണ്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷണം പോയത്.ലഹരി ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തിയ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കടത്തുകാര്‍ക്ക് വില്‍പ്പന നടത്തിയതായും സംശയിക്കുന്നു. 13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. ഈമാസം 10ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോര്‍ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് സാധനങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ അസിസ്റ്റന്റ് റൈറ്ററുടെ മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയര്‍ന്നു. ഇതോടെ സ്റ്റേഷനിലെ പൊലീസുകാരിലേക്ക് അന്വേഷണം നീളുകയായിരുന്നു. തൊണ്ടിമുതല്‍ കടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കോടതി ഉത്തരവ് പ്രകാരം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.








