ഈ കാട്ടില്‍ വ്യവസായം: കാസര്‍കോട് വ്യവസായ എസ്‌റ്റേറ്റിലെ വ്യവസായ ഷെഡ്ഡുകള്‍ കാടുമൂടിക്കൊണ്ടിരിക്കുന്ന നിലയില്‍

കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ എസ്‌റ്റേറ്റിലെ വ്യവസായ യൂണിറ്റുകള്‍ കാടുമൂടിത്തുടങ്ങി.
കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വ്യവസായ രംഗത്ത് സംസ്ഥാനത്ത് നടത്തിവന്ന പരിഷ്‌കാരങ്ങളും പദ്ധതികളും നടപടികളുമാണ് വ്യവസായ മേഖലയെ ഇത്തരത്തിലെത്തിച്ചതെന്ന് കരുതുന്നു. വ്യവസായ എസ്റ്റേറ്റിലെ നൂറോളം വ്യവസായ യൂണിറ്റുകളില്‍ ഭൂരിഭാഗവും പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എസ്റ്റേറ്റിലെ പ്രധാനറോഡ് ടാറിംഗ് ഇളകി കുണ്ടുംകുഴിയുമായി താറുമാറായിക്കിടക്കുകയാണ്. തെരുവ് വിളക്കുകള്‍ കണ്ണടച്ചു.
ചില ഷെഡുകള്‍ ചുറ്റും കാടും കാട്ടുപുല്ലുകളും പടര്‍ന്നു പന്തലിച്ചു കിടക്കുന്നു. കാട്ടാനകളും മറ്റു വന്യ മൃഗങ്ങളും എസ്റ്റേറ്റിലെ കാട്ടിനുള്ളില്‍ കയറിയാല്‍ പോലും കണ്ടെത്താനാവാത്ത തരത്തില്‍ കാടുകള്‍ ഇടതൂര്‍ന്നു വളര്‍ന്നു പന്തലിച്ചിരിക്കുകയാണ്. കാടുകയറി പല വ്യവസായ ഷെഡ്ഡുകളും അതിനടുത്തു കൂടി പോവുന്നവര്‍ക്ക് പോലും കാണാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്.

സംസ്ഥാനത്തിന് സുസ്ഥിര വരുമാനവും യുവതലമുറക്ക് തൊഴിലും ഉറപ്പാക്കുന്നതിന് 1970 കളില്‍ കേന്ദ്രസര്‍ക്കാര്‍ ഷെഡുകള്‍ നിര്‍മ്മിക്കുകയും പിന്നീട് അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിന് കൈമാറുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാരും വ്യവസായ എസ്റ്റേറ്റ് വിപുലപ്പെടുത്തുന്നതിന് നടപടിയെടുത്തിരുന്നു. എന്നാല്‍ വ്യവസായങ്ങളെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വ്യവസായ എസ്റ്റേറ്റുകളിലെ ഷെഡ്ഡുകളെ ഇവയുടെ ചുമതല വഹിക്കുന്ന സിഡ്‌കോ വരുമാനമാര്‍ഗമാക്കാന്‍ നീക്കമാരംഭിച്ചതോടെ വ്യവസായ ഷെഡ്ഡുകള്‍ പൂര്‍ണ്ണമായി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. സംസ്ഥാനത്ത് കാസര്‍കോട്ടേതു പോലെ 17 വ്യവസായ എസ്‌റ്റേറ്റുകള്‍ സംസ്ഥാന വ്യാപകമായിട്ടുണ്ട്. എസ്റ്റേറ്റുകള്‍ കാര്യക്ഷമമാക്കാനും വ്യവസായങ്ങള്‍ സജീവമാക്കാനും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ എസ്റ്റേറ്റുകളിലും വ്യത്യസ്ത രീതിയിലാണ് നടപ്പാക്കുന്നതെന്നും പരാതിയുണ്ട്. അതും വ്യവസായ എസ്റ്റേറ്റുകളുടെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നു വ്യവസായികള്‍ പറയുന്നു. അതേ സമയം ചില വ്യവസായ എസ്‌റ്റേറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page