കാസര്‍കോട്: വിവാഹ ശേഷം യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും മൂന്നു ബന്ധുക്കള്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ ഉദ്യാവാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഞ്ചത്തൂര്‍പദവിലെ അബ്ബാസ് അനസ്, ബന്ധുക്കളായ ആമിന, മുഹമ്മദ്, അസീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുപത് പവന്‍ കൈക്കലാക്കി തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഭതൃവീട്ടില്‍ കഴിയുന്നതിനിടെയാണ് മാനസീകമായി പീഡിപ്പിച്ചതും സ്വര്‍ണം കൈക്കലാക്കിയതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







