തിരുവനന്തപുരം: പാറശാലയില്‍ 11 വയസ്സുകാരിയെ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച മുന്‍ അധ്യാപകന്‍ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. വിഴിഞ്ഞം പുല്ലൂര്‍ക്കോണം കോണത്തു മേലേവീട്ടില്‍ എ.ആര്‍.സെയ്ദ് മുഹമ്മദ് (58) ആണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവില്‍ മദ്രസയില്‍ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനം. സംഭവത്തിന് പിന്നാലെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് തനിക്കുണ്ടായ ദുരനുഭവം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ജമാഅത്തുകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.








