പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി വാഹനത്തില്‍ നിന്ന് ചാടി, വീണത് മലയിടുക്കിലേക്ക്, ദാരുണാന്ത്യം

ഗുവാഹത്തി: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പൊലീസ് വാഹനത്തില്‍ തിരിച്ചു ഹതിഗാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. നരകാസുര പഹാഡ് മേഖലയില്‍ വെച്ച് ഇയാള്‍ പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി. പതിച്ചത് താഴ്ചയുള്ള മലയിടുക്കിലേക്ക്. വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈമാസം മൂന്നിനാണ് രാമാനുജ് ഗോസ്വാമി ഭാര്യ റിയ താലൂക്ദാറിനെ (25) ഗുവാഹത്തിയിലെ ഫ്ലാറ്റില്‍ വെച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. ഫ്രിഡ്ജില്‍ കറുത്ത പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയിലാണ് റിയയുടെ വെട്ടിമാറ്റിയ തലയും വിരലുകളും പൊലീസ് കണ്ടെടുത്തത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ ആറിന് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ച രക്തക്കറ പുരണ്ട കൊടുവാളും ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ലഹരിക്ക് അടിമയായ പ്രതി മദ്യപിച്ച ശേഷമാണ് ക്രൂര കൊലപാതകം നടത്തിയത്. ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസുകളിലടക്കം മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page