എന്നും ഷാപ്പില്‍ തിരക്കോട് തിരക്ക്; അന്വേഷിച്ചപ്പോള്‍ വീര്യം കൂടിയ സാധനം എത്തിയിട്ടുണ്ടെന്ന് കുടിയന്മാര്‍, അന്വേഷിച്ച് ഇറങ്ങിയ എക്‌സൈസ് കണ്ടെത്തിയത്

കോട്ടയം: കള്ളുവില്‍പനയുടെ മറവില്‍ സ്പിരിറ്റ് കച്ചവടം. ഷാപ്പുടമയും ജീവനക്കാരനും പിടിയില്‍. കുറവിലങ്ങാട് കുടക്കച്ചിറയിലെ ഷാപ്പ് നടത്തിപ്പുകാരന്‍ വെളിയന്നൂര്‍ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരന്‍ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തില്‍ പ്രിന്‍സ് മാത്യു (40) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ഷാപ്പില്‍ നിന്ന് 127 ലിറ്റര്‍ സ്പിരിറ്റും 57 ലിറ്റര്‍ കള്ളും പിടികൂടി. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസന്‍സി ജോസഫ് മാത്യുവിനെതിരേ കേസ് രജിസ്റ്റര്‍ചെയ്തു. ഇയാള്‍ക്കായി അന്വേഷണം നടത്തിവരുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടിക്കുന്നവരറിയാതെ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയാണ് വില്‍പന. മറ്റു ഷാപ്പുകളില്‍ കാണാത്ത തിരക്കായിരുന്നു അടുത്ത കാലത്ത്. അന്വേഷിച്ചപ്പോള്‍ വീര്യം കൂടിയ സാധനം എത്തിയിട്ടുണ്ടെന്ന് മദ്യപിക്കുന്നവര്‍ പറഞ്ഞു. ഷാപ്പില്‍ നിരന്തരം സ്പിരിറ്റ് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുമാസത്തോളമായി എക്‌സൈസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ അസി. എക്‌സൈസ് കമ്മിഷണര്‍ എസ്. സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയായിരുന്നു. നാല് കന്നാസുകളിലായാണ് 127 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ചുമതലയുള്ള പത്തനംതിട്ട ഡി.സി.പി. എല്‍. ഷിബു മേല്‍നോട്ടം വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page