കാസർകോട്: സ്വന്തമെന്ന് പറയാൻ മക്കളില്ല, ബന്ധുക്കളുണ്ട് പൊക്കന്. എന്നാൽ അവസാന യാത്രയിൽ ഒപ്പം നിൽക്കാൻ ഉറ്റ ബന്ധുക്കൾ തയ്യാറായില്ല. ഒടുവിൽ ജീവിതത്തിന്റെ അവസാന നാളുകളിൽ തണലായ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് തന്നെ അദ്ദേഹത്തിന്റെ കുടുംബമായി മാറി. മകളുടെ സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചതു സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോയായിരുന്നു. കഴിഞ്ഞദിവസമാണ് വാർദ്ധക്യസഹകരമായ അസുഖം മൂലം പൊക്കൻ എന്ന കുമാരൻ(81) ആശുപത്രിയിൽ വച്ച് മരിച്ചത്. ഒരു വർഷം മുമ്പാണ് മലപ്പച്ചേരിയിലെ
ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായി പൊക്കൻ എത്തുന്നത്. മന്നംപുറത്ത് കാവ് പ്രദേശത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ നീലേശ്വരം പൊലീസ് ഇടപെട്ടാണ് സ്ഥാപനത്തിൽ എത്തിച്ചത്. ബന്ധുക്കളോ സംരക്ഷിക്കാൻ മറ്റാരും ഇല്ലാതിരുന്ന അദ്ദേഹത്തെ സ്ഥാപനം ഏറ്റെടുക്കുകയും ആവശ്യമായ പരിചരണവും ഭക്ഷണവും ചികിത്സയും സ്നേഹവും നൽകി സംരക്ഷിക്കുകയും ചെയ്തിരുന്നു. നാലുദിവസം മുമ്പാണ് അസുഖത്തെ തുടർന്ന് പരപ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെ മരണപ്പെട്ടു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചുവെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. തുടർന്നാണ് സ്ഥാപനം തന്നെ വയോധികന്റെ സംസ്കാര ചടങ്ങുകൾ നിർവഹിക്കാൻ മുന്നോട്ടുവന്നത്.
120 ഓളം അന്തേവാസികളും ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന് അർഹമായ ആദരവോടെ അവസാന യാത്ര ഒരുക്കി. എരിക്കുളം പൊതുശ്മാനത്തിൽ സംസ്കാരം നടന്നു.







