കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ ആവശ്യങ്ങൾക്ക് ഏറ്റെടുത്തശേഷം നഷ്ടപരിഹാരം നൽകാതെ വൈകിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരെ കോടതികൾ രംഗത്ത് വന്നതോടെ കേസുകൾ ഉടൻ തീർപ്പാക്കാൻ ധനവകുപ്പ് ഉത്തരവിറക്കി. ജില്ലയിൽ ദേശീയപാതയോരത്തെ തർക്കത്തിലിരിക്കുന്ന ഭൂവുടമകൾക്കും, വീട്ടുടമകൾക്കും ഇതു് ആശ്വാസമായേക്കുമെന്നു പ്രതീക്ഷയുയർന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.ഇവിടങ്ങളിൽ സർവീസ് റോഡിന്റെയും, നടപ്പാതകളുടെയും ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുമില്ല.ഇത് വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. നടപ്പാത നിർമ്മാണം പൂർത്തീകരണത്തിന് സുപ്രീംകോടതി തന്നെ സർക്കാറുകൾക്ക് “അന്ത്യശാസന”വും നൽകിയിരുന്നു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുന്ന കേസുകളിലെ “കോടതിയലക്ഷ്യം” ഭയന്നാണ് ഇപ്പോൾ ധനവകുപ്പ് നഷ്ടപരിഹാര കേസുകളിലെ എല്ലാ കോടതി ഉത്തരവുകളും മുൻഗണനാപരമായി നടപ്പാക്കാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കിയിട്ടുള്ളത്.നഷ്ടപരിഹാരം കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ നൽകുന്നതിന് മുൻകൂട്ടി ഫണ്ട് അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്







