ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം;വൈകിട്ട് നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. 11 അംഗ രാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും ഉൾപ്പെട്ട 21 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ യുദ്ധം , ആഗോള ഇന്ധന -സാമ്പത്തിക പ്രതിസന്ധി എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി. സാമ്പത്തിക സഹകരണവും, വ്യാപാരവും, വ്യവസായവും, തൊഴിലവസരങ്ങളും ആഗോള സംഘർഷങ്ങളും ലോക നേതാക്കൾ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ചയാക്കും. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ യുഎഇ സൗദി അറേബ്യ ഇറാൻ രാജ്യങ്ങളെ ഉച്ചകോടിയുടെ പൊതു നിലപാടിൽ സമവായം ഉറപ്പിച്ച് സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തും. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. രാവിലെ പതിനൊന്ന് മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ഉഭയകക്ഷി ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന.ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഈജിപ്ത്, എത്യോപ്യ എന്നീ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ പങ്കാളിത്ത രാജ്യങ്ങളായി ബലാറസ്, ബൊളിവിയ, ക്യൂബ, കസാഖിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബകിസ്താൻ, വിയറ്റ്നാം എന്നിവയുമുണ്ട്. ഉച്ചകോടി ഞായറാഴ്ച വൈകീട്ട് സമാപിക്കും. ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page