ലഖ്‌നൗ: കാമുകനുമായുള്ള ഭാര്യയുടെ കടുത്ത പ്രണയം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഒടുവില്‍ രണ്ടുപേരെയും ഒരുമിപ്പിച്ചു. ലഖ്‌നൗവിലെ പ്രാന്തിയ രക്ഷക് ദള്‍ ജവാനായ വിക്കിയാണ് തന്റെ ഭാര്യ സൊണാലിയെ അവളുടെ കാമുകന് കൈപിടിച്ചുകൊടുത്തത്. ഒരു വര്‍ഷം മുമ്പാണ് വിക്കി സൊണാലി എന്ന യുവതിയെ വിവാഹം കഴിച്ചത്. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കാമുകനുമായി പ്രണയത്തിലായിരുന്നു സൊണാലി. ഇരുവരും ഒരുമിച്ച് പഠിച്ചതും വളര്‍ന്നതും ഒരുമിച്ചായിരുന്നു. പിന്നീട് അവരുടെ സൗഹൃദം ക്രമേണ പ്രണയമായി മാറി.
വിവാഹ ശേഷവും ആ ബന്ധം ഒഴിവാക്കാന്‍ സൊണാലി തയ്യാറായില്ല. പക്ഷെ ഭാര്യയുടെ ഈ ബന്ധം വിക്കി അറിഞ്ഞിരുന്നില്ല. ഈ മാസം അഞ്ചാംതീയതി സൊണാലിയെ ഭര്‍തൃഗൃഹത്തില്‍ നിന്നും പെട്ടെന്ന് കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും മറ്റും മുഴുവന്‍ അരിച്ചുപെറുക്കി. എന്നാല്‍ സൊണാലിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന്
വിക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സമീപ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍
ബുധനാഴ്ച യുവതി ഹര്‍ദോയിയില്‍ എത്തിയതായി വിവരം ലഭിച്ചു. അവിടെ വച്ച് കാമുകനൊപ്പം സൊണാലിയെ പൊലീസുകാര്‍ കണ്ടെത്തി. വിവരമറിഞ്ഞ് വിക്കിയും വീട്ടുകാരും സൊണാലിയുടെ ബന്ധുക്കളുമടക്കം പൊലീസ് സ്റ്റേഷനിലെത്തി. സൊണാലിയെ കണ്ടെത്തിയ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു വിക്കി. എന്നാല്‍ ഭാര്യ കാമുകനൊപ്പം പോകാന്‍ ഒരുങ്ങി നില്‍ക്കുന്നത് കണ്ട് വിക്കി ഞെട്ടിപ്പോയി. അപ്പോഴാണ് സോണാലിയുടെ ചരിത്രം പൊലീസ് വിശദീകരിച്ചത്. ഭര്‍ത്താവിനൊപ്പം തിരിച്ചുപോകാന്‍ സാധ്യമായ എല്ലാ വഴികളും നോക്കിയെങ്കിലും കാമുകനൊപ്പം ജീവിക്കുമെന്ന നിലപാടില്‍ സൊണാലി ഉറച്ചുനില്‍ക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം ഒരു നിമിഷം പോലും ജീവിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നു യുവതി തറപ്പിച്ചുപറഞ്ഞു. ഒരുവര്‍ഷം തന്റെ കൂടെ താമസിച്ച സൊണാലിയുടെ വാക്കുകള്‍കേട്ട് വിക്കി കുറച്ചുനേരം സ്തംഭിച്ചുപോയി. യുവാവിന് സാഹചര്യം മനസ്സിലായി. ഉടന്‍ തന്നെ ആത്മസംയമനം വീണ്ടെടുത്ത വിക്കി തന്റെ നിലപാട് അപ്പോള്‍ തന്നെ എല്ലാവരെയും അറിയിച്ചു. ‘ആരുടെ കൂടെയാണോ ഇവള്‍ക്ക് സന്തോഷമായിരിക്കാന്‍ സാധിക്കുന്നത്, അവരുടെ കൂടെ ജീവിക്കാം, താനുമായുള്ള വിവാഹ ബന്ധം തുടരാന്‍ ഇനി നിര്‍ബന്ധിക്കില്ല ‘ വിക്കി പറഞ്ഞു. വിക്കിയും തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒടുവില്‍ ബന്ധുക്കളും അയഞ്ഞു. ഇരുവിഭാഗവും പരസ്പര സമ്മതത്തോടെ വിവാഹം നടത്താനാവശ്യമായ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹിന്ദു ആചാരപ്രകാരം ഒരു പ്രാദേശിക ക്ഷേത്രത്തില്‍ വച്ച് സൊണാലിയുടെയും കാമുകന്റെയും താലികെട്ട് ചടങ്ങ് നടത്തി. വിക്കി തന്നെയാണ് തന്റെ ഭാര്യ സൊണാലിയുടെ കൈപിടിച്ച് കാമുകന് കൈമാറിയത്.








