ലക്‌നൗ: ആശുപത്രി പ്രവര്‍ത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനെത്തുടര്‍ന്നു അധികൃതര്‍ മുദ്രവച്ച സ്വകാര്യാശുപത്രിയില്‍ പ്രസവിച്ച യുവതി മരിച്ചു. ഒപ്പം നവജാത ശിശുവും മരണപ്പെട്ടു.
യു പിയിലെ മൗവ് ജില്ലയിലെ രത്തന്‍പുരിലെ ഇന്ദ്രജിത്ത് ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ആശുപത്രിക്കുണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെത്തുടര്‍ന്നു ജില്ലാ മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പധികൃതര്‍ ആശുപത്രി അടച്ചുപൂട്ടി മുദ്രവച്ചത്. അതിനുശേഷം ആശുപത്രിയുടെ പിന്‍വാതില്‍ തുറന്ന് അതുവഴി രോഗികളെ അഡ്മിറ്റ് ചെയ്തു ആശുപത്രി അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രസവ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ആശുപത്രിയിലെത്തിച്ച അജിത് രാജ് ഭറിന്റെ ഭാര്യ സരിതയാണ് മരിച്ചത്. ആശവര്‍ക്കറുടെ നിര്‍ദ്ദേശമനുസരിച്ചാണ് സരിതയെ ഇതേ ആശുപത്രിയില്‍ എത്തിച്ചതെന്നു അജിത്‌രാജ്ഭര്‍ പറഞ്ഞു.
ആശുപത്രിയിലെത്തിയ സരിതയെ പരിശോധിച്ച ഡോ. ഹിമാന്‍ഷു യാദവ് അടിയന്തരശസ്ത്രക്രിയക്കു നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയക്കു ശേഷം കുട്ടി മരിച്ചു. സരിതയ്ക്ക് അമിത രക്തസ്രാവമുണ്ടെന്നും അതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്നു മൗവിലെ മറ്റൊരു സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ വാരണാസി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടനെ അവിടെ എത്തിച്ചെങ്കിലും സരിത അതിനു മുമ്പു മരണപ്പെട്ടു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇന്ദ്രജിത്ത് സ്വകാര്യാശുപത്രി വീണ്ടും അടച്ചുപൂട്ടി മുദ്രവച്ചു. ആശുപത്രി ഉടമക്കെതിരെ കേസെടുത്തിട്ടുണ്ടെന്നു മെഡിക്കല്‍ ഓഫീസര്‍ വെളിപ്പെടുത്തി.








