ചെർക്കള റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ദേശീയപാത ഉപരോധിച്ചു

​ കാസർകോട്: ചെർക്കള ഹൈവേ സെക്കൻഡറി റീച്ച് റോഡിന്റെ നിർമ്മാണം വൈകിപ്പിക്കുന്ന മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാത ഉപരോധത്തിന് പഞ്ചായത്ത് തന്നെ നേതൃത്വം നൽകിയത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് വസന്തൻ അജക്കോട് മുന്നറിയിപ്പ് നൽകി. വൈസ് പ്രസിഡൻറ് ജാസ്മിൻ കബീർ ചെർക്കളം അധ്യക്ഷത വഹിച്ചു. ചെർക്കള ടൗൺ വാർഡ് മെമ്പർ ഹാരിസ് തായൽ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷുക്കൂർ ചെർക്കളം, ഇഖ്ബാൽ ചേറൂർ, ശാന്തകുമാരി ടീച്ചർ, പഞ്ചായത്ത് ജനപ്രതിനിധികളായ സി വി കൃഷ്ണൻ, ജയകുമാരി, റിസ്വാന മഹറൂഫ്, സാഹിറ മജീദ്, മാഹിൻ ആലംപാടി, മുഹമ്മദ് ഹനീഫ, അബൂബക്കർ കരുമാനം, മഹ്മൂദ് എരുതുംകടവ്, ഹമീദ് നെക്കര ശിഹാബ് റഹ്മാനിയ നഗർ, ഇബ്രാഹിം കൊയർകൊച്ചി, ആയിഷ ചെങ്കള, അനീസ ഇബ്രാഹിം, ഷൈലജ എന്നിവർ റോഡ് ഉപരോധത്തിൽ പങ്കെടുത്തു. രാഷ്ട്രീയ, വ്യാപാര സംഘടനകളും പൊതുജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളികളായി.

റോഡ് നിർമാണം വൈകുന്നത് കാരണം മഴക്കാലത്ത് ചെർക്കള ടൗണിലും പരിസരപ്രദേശങ്ങളിലും വലിയതോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം ജനപ്രതിനിധികൾ നിരന്തരമായി ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം ഉണ്ടാക്കാൻ നിർമ്മാണ കമ്പനി തയ്യാറാകുന്നില്ല. ജില്ലാ ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ രേഖാമൂലം നൽകിയ ഉറപ്പുകൾ പോലും നിരന്തരമായി ലംഘിക്കുന്നുവെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു.
തിരക്കേറിയ ചെർക്കള ടൗണിലെ സർവീസ് റോഡുകൾ കൂടി തകർന്നു തരിപ്പണമായതോടെ ഇതുവഴിയുള്ള യാത്രാക്ലേശവും പൊടിശല്യവും വർധിച്ചിട്ടുണ്ട്. വ്യാപാരികളും വിദ്യാർത്ഥികളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page