കാസർകോട് : പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനവും, തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കവും സജീവമായ സാഹചര്യത്തിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് പ്രത്യേക സോൺ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു.
ദക്ഷിണേന്ത്യയിൽ യാത്രക്കാരുടെ എണ്ണവും,വരുമാനവും പരിഗണിക്കുമ്പോൾ കേരളം മുന്നിട്ടു നിൽക്കുന്നു.ഇതിനനുസരിച്ചുള്ള നവീ കരണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്.
ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേ സോണിന്റെ കീഴിലാണ് കേരളത്തിലെ ഭൂരിഭാഗം റെയിൽവേ ശൃംഖലയുമുള്ളത്. വലിപ്പത്തിന്റെ കാര്യത്തിൽ രാജ്യത്തെ 19 റെയിൽവേ സോണുകളിൽ നാലാം സ്ഥാനത്താണ് ദക്ഷിണ റെയിൽവേ. വെസ്റ്റേൺ,സൗത്ത് സെൻട്രൽ സോണുകൾക്കൊപ്പം 6 ഡിവിഷനുകൾ ഉള്ള രാജ്യത്ത് ഏറ്റവും വലിയ സോണുകളിൽ ഒന്നുമാണിത്.നിലവിൽ തിരുവനന്തപുരം, പാലക്കാട്,മധുര ഡിവിഷനുകളാണ് കേരളത്തിലെ വിവിധ പാതകൾ കൈകാര്യം ചെയ്യുന്നത്.ഇതിന് പുറമേ കൊങ്കൺ റെയിൽവേയുടെ പരിധിയിലുള്ള പാതകളുമുണ്ട്.
അതേസമയം വിശാഖപട്ടണം ആസ്ഥാനമായി രൂപീകരിച്ച സൗത്ത് കോസ്റ്റ് റെയിൽവേ സോൺ പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിന് പുതിയ സോൺ രൂപീകരണത്തിനുള്ള സാധ്യതയെ കുറിച്ചുള്ള ചർച്ച സജീവമാണ്. പുതിയ സോണുകൾ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ള സോ ണുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമാണ് റെയിൽവേയുടെ നിലപാടെന്ന് പറയുമ്പോഴാണ് വിശാഖപട്ടണം സൗത്ത് കോസ്റ്റ് റെയിൽവേ സോൺ പ്രവർത്തനമാരംഭിച്ചത്. ഇതിനെതുടർന്നാണ് കേരളവും റെയിൽവേ സോൺ ആവശ്യമുയർത്തു ന്നത്.
കുമ്പള റെയിൽവേ സ്റ്റേഷനിലെ 34 ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തി യുള്ള വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേ ആക്കം കൂട്ടുമെന്ന് യാത്രക്കാർ കരുതുന്നു. ഉള്ളാളിലെ റെയിൽവേ ഇലക്ട്രിക്കൽ ടി ആർ ഡി(ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) കുമ്പളയിലേക്ക് മാറ്റാൻ റെയിൽവേ ആലോചിക്കുന്നതായാണ് വിവരം.മംഗളൂരു മേഖല മൈസൂരുവിലേക്ക് മാറുമ്പോൾ റെയിൽവേ വൈദ്യുതി മേഖലയിലും വിഭജനം ഉണ്ടാവു ന്നതോടെയാണ് ഇങ്ങിനെ ഒരു മാറ്റം പ്രതീക്ഷിക്കുന്നത് ചെന്നൈ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറും,ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കുമ്പളയും, കാസർകോടും സന്ദർശിച്ചിരുന്നു. റെയിൽവേ വികസനത്തിൽ വീണ്ടും കുമ്പള ചർച്ചയാകുന്നതിൽ യാത്രക്കാരും നാട്ടുകാരും ആഹ്ലാദത്തിലാണ്. സിആർഡി സംവിധാനം കുമ്പളയിലായാൽ മറ്റുള്ള വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുമെന്ന്
യാത്രക്കാർ വിശ്വസിക്കുന്നു.







