കാസര്‍കോട്: ഉച്ചത്തില്‍ ഹോണടിച്ചു എന്ന കാരണത്താല്‍ ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ചില്ലുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സ്വകാര്യ ബസ് ഡ്രൈവര്‍ പച്ചമ്പള സ്വദേശി പിഎ മുഹമ്മദ് ഗൗസലി(23)ന്റെ പരാതിയില്‍ അണങ്കൂര്‍ സ്വദേശി അന്‍സാരി, തളങ്കര സ്വദേശി അസ്ലം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തളങ്കര കടവത്ത് വച്ചാണ് സംഭവം. ഉച്ചത്തില്‍ ഹോണടിക്കുന്നത് കേട്ട പ്രതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയുമായിരുന്നു. പിന്നാലെ ബസിന്റെ ഗ്ലാസ് തകര്‍ത്തെന്നുമാണ് പരാതി. അക്രമത്തില്‍ 35,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







