കുമ്പള : പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷ ങ്ങി രൂക്ഷമായി ഉയർത്തുന്ന അനന്തപുരത്തെ വിവാദ ഫാക്ടറി വീണ്ടും അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിലും,കുടിവെള്ളത്തെയും അപകടകരമായി ബാധിക്കുന്ന . തരത്തിലുള്ള ഫാക്ടറി പ്രവർത്തനം അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ ജില്ല ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കുമ്പള അനന്തപുരം ഓയിൽ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധത്തിൽ പൊരുതി മുട്ടി നാട്ടുകാരും, പരിസരവാസികളും നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞുങ്ങൾക്ക് ചുമയും,ശ്വാസ തടസ്സവും അനുഭവപ്പെടുന്നതായും കുട്ടികളെയും കൊണ്ട് ദിവസവും ആശുപത്രി കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥയും നാട്ടുകാരും,ആക്ഷൻ കമ്മിറ്റിയും ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാക്ടറികളിലെ മലിനജലം(രാസ മാലിന്യം)സമീപത്ത് താമസിക്കുന്ന വീട്ടിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതായുള്ള പരാതിയും ഉയർന്നതു്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഓയിൽ ഫാക്ടറി അടച്ചിടാൻ ജില്ലാ കലക്ടർ നേരത്തെ നിർദ്ദേശിച്ചിരുന്നു. പുത്തിഗെ-കുമ്പള ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ഫാക്ടറി തുറന്നു പ്രവർത്തിക്കാനും, നാട്ടുകാരുടെ പരാതിക്ക് അടിയന്തിരമായി പരിഹാരം കാണാനും ഫാക്ടറി അധികൃതരോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ചർച്ചയിൽ ഫാക്ടറി ഉടമകൾ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ വീണ്ടും പരാതിപ്പെട്ട് രംഗത്തെത്തുക യായിരുന്നു.
അതിനിടെ ഫാക്ടറികളിലെ രാസമാലിന്യം വീട്ടു കിണറുകളിലേക്ക് ഒഴുകിയെത്തുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വിദഗ്ധ ഉദ്യോഗസ്ഥസംഘത്തോടു മിന്നൽ പരിശോധനക്കു നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ നേതൃത്വത്തിൽ എൺവയൺമെന്റ് എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കുമ്പള- പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് അനന്തപുരത്ത് മിന്നൽ പരിശോധന നടത്തിയത്. വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് ഫാക്ടറി വീണ്ടും അടച്ചു പൂട്ടാൻ കലക്ടർ നിർദ്ദേശം നൽകുകയായിരുന്നു.. കുടിവെള്ളക്ഷാമം നേരിടുന്നവർക്ക് ശുദ്ധജലം ലഭ്യമാക്കാൻ ജില്ലാ കലക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അടിയന്തര നിർദ്ദേശവും നൽകിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന്റെ പരിശോധന റിപ്പോർട്ട് ലഭിച്ചാലുടൻ കമ്പനിക്കെതിരെ കടുത്ത തുടർനടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്.







