കുമ്പള: അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്നേഹസമ്മാനമായി നൽകിയ പുസ്തകങ്ങൾ കുട്ടികളുടെ തന്നെ വായനാമുറിയിലേക്ക് പുത്തിഗെ എ.ജെ.ബി. സ്കൂൾ അധ്യാപകർ തിരിച്ചു നൽകി മാതൃകയായി.
അധ്യാപകദിനത്തിന്റെ ഭാഗമായി പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള അധ്യാപകർക്കായി വിദ്യാർത്ഥികൾ സമ്മാനിച്ചത് മുപ്പതോളം പുസ്തകങ്ങളാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആശംസാകാർഡുകൾക്കൊപ്പമായിരുന്നു കുട്ടികളുടെ സമ്മാനം.
ഇംഗ്ലീഷ്, കന്നഡ, മലയാളം ഭാഷകളിലുള്ള കവിതകൾ, കഥകൾ, ഡയറിക്കുറിപ്പുകൾ, ചിത്രകഥകൾ തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് അധ്യാപകർക്ക് കുട്ടികൾ സമ്മാനിച്ചത്.
എന്നാൽ തങ്ങൾക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ സ്വന്തം കൈവശം സൂക്ഷിക്കുന്നതിന് പകരം, അവ കുട്ടികളുടെ വായനയ്ക്കായി സ്കൂൾ വായനാമുറിയിലേക്ക്അധ്യാപകർ തിരിച്ചു നൽകുകയായിരുന്നു . ഇതിലൂടെ കുട്ടികളുടെ സ്നേഹസമ്മാനത്തിന് കൂടുതൽ അർത്ഥവും അധ്യാപകദിനാചരണത്തിന് വേറിട്ടൊരു സന്ദേശവും നൽകുകയായിരുന്നു അധ്യാപകർ.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ലൈബ്രേറിയൻ ഇ. ശ്രീജയും വിദ്യാർത്ഥികളും ചേർന്ന് പ്രധാനാധ്യാപിക ആർ. സിന്ധുവിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.അധ്യാപകരായ ലതിക ജി.കെ., സരിത ബി., പ്രീത ഡയാന ക്രാസ്റ്റ, രാഹുൽ ഉദിനൂർ നേതൃത്വം നൽകി.







