കാസര്‍കോട്: കാസര്‍കോട്- തലപ്പാടി ദേശീയപാതയിലെ മഞ്ചേശ്വരം വാമഞ്ചൂര്‍ എക്‌സ്സൈസ് ചെക്ക് പോസ്റ്റിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. പൈവളിഗെ, ചിപ്പാര്‍, കടങ്കൊടിയിലെ ബാലകൃഷ്ണന്റെ മകന്‍ കിരണ്‍ കുമാർ (34) ആണ് മരിച്ചത്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കൊടങ്കയിലെ ഹരീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്നലെ വൈകുന്നേരമായിരുന്നു കിരണിനും ഹരീഷിനും പരിക്കേൽക്കാൻ ഇടയാക്കിയ അപകടം ഉണ്ടായത്. വാമഞ്ചൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്നില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറി നിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. ദേശീയ പാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്നത് അവസാനിപ്പിച്ച് ചെക്ക് പോസ്റ്റ് അനുയോജ്യമായ സ്ഥലത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടയിലാണ് ബൈക്ക് അപകടത്തില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്.







