കാസര്‍കോട്: റാണിപുരം വിനോദ വസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനില്‍ നിന്നു വീണ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായത്. അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്നാണ് കമ്പനി അധികൃതര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാൽ10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കമ്പനി അധികൃതര്‍ വഴങ്ങിയത്.
നാട്ടുകാരും നിരവധി ബിജെപി പ്രവര്‍ത്തകരും ജനറല്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു.
ഇന്നലെ(ശനി) അഞ്ചു മണിയോടെ ഉണ്ടായ അപകടത്തില്‍ സിപ് ലൈന്‍ ജീവനക്കാരനായ ബളാംതോട്,ചാമുണ്ഡിക്കുന്നിലെ വാതില്‍മാടിയില്‍ കൃഷ്ണന്റെ മകന്‍ സനൂപ് (25) ആണ് മരിച്ചത്.
അപകടം സംബന്ധിച്ച് രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.







