ബംഗ്‌ളൂരു: കടം വാങ്ങിയ ഒരു ലക്ഷം രൂപയ്ക്ക് പലിശ നല്‍കിയില്ലെന്നാരോപിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി നഗ്നയാക്കി അക്രമിച്ചതായി പരാതി. സംഭവത്തില്‍ സ്ത്രീകളടക്കം മൂന്നു പേര്‍ അറസ്റ്റില്‍. രേഷ്മ ബാനു, നസാത്ത്, സുഹൈല്‍ എന്നിവരെയാണ് ബംഗ്‌ളൂരു ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റു ചെയ്തത്. പരാതിക്കാരിയായ യുവതിയും രേഷ്മയും നേരത്തെ പരിചയമുള്ളവരായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പരാതിക്കാരിയായ യുവതി രേഷ്മയോട് ഒരു ലക്ഷം രൂപ കടംവാങ്ങിയിരുന്നു. നേരത്തെ കൃത്യമായി പലിശ നല്‍കിയിരുന്നുവത്രെ. എന്നാല്‍ ആറുമാസമായി സാമ്പത്തിക പ്രതിസന്ധി കാരണം പലിശ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ രേഷ്മ പരാതിക്കാരിയെ നിരന്തരം ഫോണില്‍ വിളിച്ച് പലിശയും മുതലും നല്‍കണമെന്നു ആവശ്യപ്പെട്ടു. എന്നാല്‍ ശല്യം സഹിക്കാന്‍ കഴിയാതെ പരാതിക്കാരി രേഷ്മയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതേ തുടർന്ന് പരാതിക്കാരിയെ തട്ടി കൊണ്ടുപോയി നസാത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. പ്രസ്തുത വീട്ടിൽ വച്ച് രേഷ്മയും ഭര്‍ത്താവ് സുഹൈലും യുവതിയെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും നഗ്നയാക്കിയ ശേഷം ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ച് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവ് നല്‍കിയ പരാതി പ്രകാരമാണ് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.








