തൃശ്ശൂർ: നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി എട്ടുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിൽ ആണ് അപകടം നടന്നത്. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. വലിയ ശബ്ദം കേട്ട് പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു.








