കൺഫ്യൂഷൻ തീർക്കണമേ….: കുമ്പള കിദൂർ ടെമ്പിൾ റോഡ് പരിസരവാസികൾക്ക് ഈ ഒരു അപേക്ഷയേയുള്ളൂ -പഞ്ചായത്തിനോടും അധികാരികളോടും

കുമ്പള: കുമ്പള കിദൂർ ജോസ് കട്ട മുതൽ കിദൂർ ടെമ്പിൾ വരെയുള്ള രണ്ടു കിലോമീറ്റർ റോഡ് ഏതു വാർഡിലാണ് ? നാട്ടുകാർ പറയുന്നതു റോഡിന്റെ ഒരു സൈഡ് ഏഴാം വാർഡും മറുസൈഡ് എട്ടാം വാർഡുമാണെന്നാണ്. എന്നാൽ ഏഴാം വാർഡ് മെമ്പർ അതു എട്ടാം വാർഡിൽ പ്പെട്ടതാണെന്നാണെന്നും എട്ടാം വാർഡു മെമ്പർ അത് ഏഴാം വാർഡിൽപ്പെട്ടതാണെന്നുമാണു പറയുന്നതെന്നാണ് നാട്ടുകാർ വിശദീകരിക്കുന്നത്. പഞ്ചായത്തധികൃതരോടു ചോദിക്കുമ്പോൾ ജീവനക്കാരോടു ചോദിക്കാൻ പറയുകയാണത്രെ. ജീവനക്കാരോടു ചോദിക്കുമ്പോൾ തങ്ങൾ ഈ നാട്ടുകാരല്ലെന്ന് അവർ നിസ്സമായത പ്രകടിപ്പിക്കുന്നു. വാർഡേതായാലെന്താ കഴിഞ്ഞു കൂടിയാൽപ്പോരേ എന്നു കരുതുന്നവരും വാർഡിലുണ്ട്. അതുമതിയായിരുന്നെന്നു മറ്റുള്ളവരും സമ്മതിക്കുന്നു.

സംഗതി നിസ്സാരമാണെന്നു കേൾക്കുന്നവർക്കു തോന്നും. എന്നാൽ അതു ശരിയല്ലെന്നു നാട്ടുകാർ പറയുന്നു. 20 വർഷം മുമ്പ് നിർമ്മിച്ച കിദൂർ ജോസ് കട്ട – കിദൂർ ടെമ്പിൾ രണ്ടു കിലോമീറ്റർ റോഡ് എവിടെയെന്നു നാട്ടുകാർ ചോദിക്കുന്നു. റോഡുണ്ടായിരുന്ന സ്ഥലം ഇപ്പോൾ പുഴ പോലെയായി. യഥാർത്ഥ പുഴ പോലെ തന്നെ. ചിലേടത്തു അപകടകരമായ കുഴികൾ. ചിലേടത്തു കറക്കി അടിച്ചിടുന്ന ചുഴികൾ . മഴയത്തും വേനലിലും കായലുപോലെ പരക്കെ വെളളം . ഓട്ടോ റിക്ഷ പോലും ഓടുന്നില്ല. എന്തിന് ഇരുചക്ര വാഹനക്കാർ വരെ ഇപ്പോൾ അതുവഴി ഓടാൻ പേടിക്കുന്നു.

ഈ റോഡിനെ നേരേ ചൊവ്വേ ഒന്നു കാണാനെങ്കിലുമുള്ള യോഗമുണ്ടാവുമോ എന്നറിയാനാണു നാട്ടുകാർ റോഡ് ഏതു വാർഡിൽപ്പെട്ടതാണെന്ന് ആരായുന്നത്. തങ്ങളും മനുഷ്യരാണെന്നും അതേ നാട്ടിൽ ജനിച്ചു വളർന്നവരാണെന്നും ഭരണക്കാർ അറിയാതെ പോവരുതെന്നു ഒരാഗ്രഹമേ നാട്ടുകാർക്കിപ്പോഴുളളൂ. ഭരണക്കാരെക്കണ്ടു രണ്ടു വർത്തമാനം പറയണമെന്നു നാട്ടുകാരിൽച്ചിലർ വിചാരിക്കുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page